Pages

Tuesday 3 December 2013

ചിക്കന്‍ ബ്രോസ്റ്റ്‌

                                   
                                     ചിക്കന്‍ ബ്രോസ്റ്റ്‌ 

             സമയം രാത്രി 10 മണി .കടയിൽ തിരക്കൊഴിഞ്ഞ് വെറുതെ പുറത്തേക്നോക്കി ഇരിക്കുമ്പോള്‍ ,ആരോ ഒരാള്‍ സ്പീഡില്‍ നടന്നു പോകുന്നു  . നോക്കിയപ്പോള്‍ ഞമ്മളെ കണ്ണൂര്‍ക്കാരന്‍ കരീമ്ബായ് ." ഹേയ്...........കരീമ്ബായ്‌ ...........നിക്കീന്ന്" ഞാന്‍ നീട്ടി വിളിച്ചു."എങ്ങോട്ടാ നിങ്ങളീ ഓടണത്....ബരീന്ന്"കരീംബായ് അങ്ങനെയാണ് ,എപ്പോഴും ബിസിയാണ്."ബാകാലെക്കാണപ്പാ..ഖുബ്ബൂസ് വാങ്ങണം ..എന്തപ്പാ"."ഇല്ല ഒന്നുല്ല ,ഞാന്‍ വെറുതെ വിളിച്ചതാ".ഒന്ന് രണ്ട് കുശലം പറച്ചില്‍ അതിനെ മൂപ്പര്‍ക്ക്‌ സമയം ഉള്ളൂ .പോകാന്‍ ഇറങ്ങിയപ്പോ ഞാന്‍ ചോദിച്ചു ."ഇന്നലെ കുറി(ചിട്ടി) നറുക്കെടുത്തത് ആര്‍ക്കാ അടിച്ചത്?"ഉടനെ വന്നു മറുപടി "കുറി അനക്കടിച്ചപ്പാ". അല്‍ഹംദുലില്ലാ ഞാന്‍ നെടുവീര്‍പ്പിട്ടു ...
             നാട്ടില്‍ വീടുപണി നടക്കുന്ന സമയം ,കാഷ്‌ എത്ര കിട്ടിയാലും തികയില്ല ,മനസ്സിനകത്തെക്ക് നൂറു നൂറു സ്വപ്‌നങ്ങള്‍ ഊളിയിടാന്‍ തുടങ്ങി .താഴത്തെ നില വാര്‍പ്പ്‌ കഴിഞ്ഞു പോന്നതാണ്,കാഷ്‌ അയക്കാത്തത് കൊണ്ട് ബാക്കി പണി ഇഴഞ്ഞു നീങ്ങുന്നു,
ഇനി വേഗം പണി തീര്‍ക്കണം,നാട്ടില്‍ പോയി വേഗത്തില്‍ വീട് മാറണം. അങ്ങിനെ ഒരായിരം സ്വപ്‌നങ്ങള്‍ .ഒരു വീടെന്ന സ്വപ്നം അതാണെന്നെ പ്രവാസിയാക്കിയത്‌ .
            " യാ...സ്വദീഖ്‌ അദ്ദീനി വാഹിദ്‌ ഷായ്". ഞെട്ടി നോക്കിയപ്പോള്‍ തലയില്‍ വട്ടു വെച്ച ഒരറബി . അവനു ചായ വേണം പോലും !!!എന്‍റെ സ്വപ്നങ്ങളെ തല്ലിക്കെടുത്തിയ അവനു ചായ .നിതാക്കാത്‌ നടപ്പില്‍ വരുത്തുന്ന സമയമായത് അവന്റെ ഭാഗ്യം ,ഉള്ളിലുള്ള ദേഷ്യം പുറമേ വരാതെ ഞാന്‍ പറഞ്ഞു ."മാഫി ഷായ് ,കുല്ലും ഖലാസ്‌ ".എന്തോ പിറുപിറുത്ത് അവന്‍ ഇറങ്ങി നടന്നു.മിക്കവാറും തന്തക്ക് വിളിച്ചതാവും, മനസ്സിനെ നിയന്ത്രിച്ചില്ലെങ്കില്‍ വീടു പണി വെള്ളത്തിലാവും .
               വീണ്ടും ഞാന്‍ സ്വപ്നലോകത്തേക്ക്‌ ബസ്സ്‌ കാത്തു നിന്നു,ടൈം കഴിഞ്ഞതിനാലാവാം , ബസ്സോന്നും വന്നില്ല .ഇനി വേഗം കടയടച്ച് റൂമില്‍ പോകാം. കുറി അടിച്ചതല്ലേ ,പോകുന്ന വഴിയില്‍ റൂമിലുള്ള എല്ലാവര്ക്കും ബ്രോസ്റ്റ്‌ വാങ്ങി .റൂമിലെത്തി നോക്കിയപ്പോള്‍ എല്ലാവരും ഹാജര്‍. "മാശാഅല്ലഹ് എന്താടോ അനക്ക് പറ്റ്യേ? ബ്രോസ്റ്റൊക്കെ വാങ്ങീട്ടാണല്ലോ വരവ്".നോക്കിയപ്പോള്‍ ആലിക്കയാണ്, റൂമിലെ 
മുതിര്‍ന്ന പൌരന്‍ . "ആലിക്കാ  കുറി എനിക്കാണ് കിട്ടിയത്‌ ,അതിന്‍റെ സന്തോഷത്തിനാ.....". "നന്നായി നിന്റെ ബുദ്ദിമുട്ട് കാണണ്ടല്ലോ  ".ആലിക്ക അപ്പോഴേക്കും സുപ്പ്ര  വിരിക്കാന്‍ തുടങ്ങിയിരുന്നു.....
               അന്ന് ഒരുവിദം നേരം വെളുപ്പിച്ചു , പിറ്റേന്നും പഴയപടി കട,ജോലി,കച്ചോടം .....
വൈകുന്നെരമായിട്ടും  കുറിക്കാഷ് കിട്ടീല .എന്താപ്പോ ചെയ്യുക, ഹാജിയുടെ നമ്പറാണെങ്കില്‍ കയ്യിലില്ല. അന്ന്വേഷിച്ചു ഹാജിയുടെ റൂമില്‍ പോയി .ഭാഗ്യം ഹാജി റൂമില്‍തന്നെയുണ്ട് ."എന്താടോ അന്നെപ്പോ ഈ വൈക്കൊന്നും കാണുന്നില്ലല്ലോ?".ഹാജി പരിഭവം മറച്ചു വെക്കാതെ ചോദിച്ചു. "ഹും ...ജോലികഴിയുമ്പോള്‍ സമയം കിട്ടൂല അതോണ്ടാ ഹാജി". "ഹും ...ഹും ..."  നീ ഭക്ഷണം കഴിച്ചോ?". "ഇല്ല ഞാന്‍ റൂമില്‍ ചെന്നിട്ട് 
കഴിച്ചോളാം". കുറച്ചു സമയം ഇരുന്നു നോക്കി ,ഹാജിക്ക്‌ കാഷ്‌ തരാനുള്ള പരിപാടിയൊന്നും കാണുന്നില്ല . "അല്ല ഹാജി കുറിക്കാഷ് റടിയായോ?'. " ഓ അത് കൊണ്ടോയല്ലോ".എന്‍റെ നെഞ്ചോന്നു പെടച്ചു. എന്താ ഇയാളീ പറീനത്, "ആര് കൊണ്ടോയിന്നാ ഇങ്ങളീ പറീണത്? ". "അപ്പൊ അന്നോടവന്‍ ഒന്നും പറഞ്ഞില്ലേ?,കരീമിനാണ് കുറി കിട്ടിയത്‌, കാഷ്‌ അവന്‍ കൊണ്ടോയല്ലോ!!!". പടച്ചോനെ ന്‍റെ ബദ്രീങ്ങളെ....ഞാന്‍ അന്തം വിട്ട് ഇരുന്നു.."നീ എന്തെടാ ചോദിച്ചത്"."ഹേയ് ..ഒന്നൂല്ല ,ഞാന്‍ പോട്ടെ ഹാജി,റൂമില്‍ ചെന്നിട്ട് അലക്കാനുണ്ട്".ഒരു വിധം പറഞ്ഞൊപ്പിച് അവിടന്നിറങ്ങി.....പുറത്തിറങ്ങിയപ്പോള്‍ ഞാനാകെ വിയര്‍ത്തുകുളിച്ചു!!.ബ്രോസ്റ്റ്‌ വാങ്ങിയ വകയില്‍ 100 റിയാല്‍ നഷ്ടം  ,ഹാ... കുറി കിട്ടുമ്പോള്‍ ഇനി വേറെ ബ്രോസ്റ്റ്‌ വാങ്ങണ്ടല്ലോ!!!.
                പിന്നെ  രണ്ടു ദിവസം കഴിഞ്ഞു ,മുമ്പത്തെ അതെ സ്പീഡില്‍ ,ദാ വരുന്നു നമ്മടെ കരീമ്ബായ്‌ ..."ഹേ ...കരീമ്ബായ്‌ ....ഇങ്ങോട്ടൊന്നു വരീ ...".ഞാന്‍ മാടി വിളിച്ചു ."എന്താപ്പാ,". "എവടെ നിങ്ങളെ കാണാന്‍ കിട്ടുന്നില്ലല്ലോ"?."ഇവിടൊക്കെ ഇണ്ടപ്പാ.തിരക്കാണ്‌". അയാളുടെ മുഖത്തേക്ക്‌ വിരല്‍ ചൂണ്ടി ഞാന്‍ ചോദിച്ചു ."അല്ല കരീമ്ബായ്‌ , കുറി കിട്ടിയത്‌ 'നിനക്കോ' അതോ 'എനിക്കോ'?.കൈ വിരല്‍ സ്വന്തം മുഖത്തേക്ക് ചൂണ്ടി ഉടനെ വന്നു മറുപടി "കുറി അനക്കാണപ്പാ".....
 
                  

No comments:

Post a Comment